കഅ്ബാ ശരീഫ്

കഅ്ബാ ശരീഫിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക്ക .

abd

sssss

നാരിയത് സ്വലാത്



നാരിയത് സ്വലാത് എന്ന പേരില്‍ അറിയപ്പെടുന്ന അസ്സ്വലാതു ത്തഫ്‌രീജിയ്യതുല്‍ ഖുര്‍ത്വുബിയ്യ (الصلاة التفريجية القرطبية) വളരെ ശ്രേഷ്ഠമായ സ്വലാത്തുകളില്‍ ഒന്നാണ്. ഈ സ്വലാത്തിന്‍റെ സവിശേഷതകള്‍ വിവരിക്കുന്നിടത്ത് ബഹുമാനപ്പെട്ട അശ്ശൈഖ് അല്‍ആരിഫ് മുഹമ്മദ് ഹഖീ അഫ്നദി അന്നാസിലീ (الشيخ السيد العارف محمد حقي أفندي النازلي) ഇമാം ഖുര്‍ത്വുബിയെ ഉദ്ധരിച്ച് പറയുന്നു: “ആരെങ്കിലും പ്രധാനമായ ഒരു സംഗതി നേടിയെടുക്കാനോ അല്ലെങ്കില്‍ ഒരു വലിയ വിപത്ത് തടയാനോ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ സ്വലാത്ത് 4444 പ്രാവശ്യം ഓതിയിട്ട് റസൂല്‍ (സ)യിലേക്ക് തവസ്സുല്‍ ചെയ്യട്ടെ. അവന്റെ നിയ്യത്തിനനുസൃതമായി അവന്‍റെ ഉദ്ദേശ്യങ്ങള്‍ അല്ലാഹു പൂര്‍ത്തിയാക്കിക്കൊടുക്കുന്നതാണ്. ഇപ്രകാരം തന്നെ ഈ എണ്ണത്തിന്റെ പ്രത്യേകത അസ്ഖലാനി(റ)വും പരാമര്‍ശിച്ചിട്ടുണ്ട്. പ്രതിഫലന കാര്യത്തില്‍ ഇതൊരു ഇക്സീര്‍ ആണ്.” (അസാമാന്യ ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു രാസ വസ്തുവാണു ഇക്സീര്‍. തത്വജ്ഞാനികളുടെ കല്ല് എന്നും ഇത് അറിയപ്പെട്ടിരുന്നു.) (ഖസീനതുല്‍ അസ്റാര്‍ – خزينة الأسرار)


ശൈഖ് യൂസുഫ് അന്നബ്ഹാനി(റ)യും തന്‍റെ أفضل الصلوات على سيد السادات എന്ന കിതാബിലും سعادة الدارين എന്ന കിതാബിലും മേല്‍പറഞ്ഞവ ഉദ്ധരിച്ചിട്ടുണ്ട്.


അഗ്നി വേഗതയില്‍ ഫലപൂര്‍ത്തി ലഭിക്കുന്നതിനാലാണ് ഇതിന് الصلاة النارية എന്നു പേരു വന്നത്. സൂഫികള്‍ക്കിടയില്‍ ഈ സ്വലാത് അറിയപ്പെടുന്നത് مفتاح الكنز المحيط لنيل مراد العبيد എന്ന പേരിലാണ്.


സ്വലാതുകളെ പൊതുവേ നാലായിരത്തില്‍ പരം ഇനങ്ങളായി തിരിക്കാം. പല സ്വഹാബാക്കളും പണ്ഡിതന്മാരും പലരീതികളിലുള്ള സ്വലാതുകള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം സ്വലാത്തുകളില്‍ വളരെ ശ്രേഷ്ടമായതാണ് നാരിയത്ത് സ്വലാത്ത്. അശ്ശൈഖ് നാസിലീ (റ) ഈ സ്വലാത്തിനെ കുറിച്ച് വിശദീകരിക്കാനായി മാത്രം തന്റെ ഗ്രന്ഥത്തിലെ നാലു പേജുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മൊറോക്കക്കാരനായ ശൈഖ് മുഹമ്മദ് അത്തൂനുസിയും ശൈഖ് സയ്യിദ് മക്കിയും അദ്ദേഹത്തിന് ഈ സ്വലാത്തിനുള്ള ഇജാസത് (പ്രത്യേക അനുമതി) നല്‍കിയിരുന്നു. മാത്രമല്ല, മദീന മുനവ്വറയില്‍ വെച്ച് ഹി 1261 ല്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ശൈഖ് മുസ്ഥഫാ ഹിന്ദിയും ഇതിനുള്ള ഇജാസത് നല്‍കുകയും ഇതിന്റെ സനദ് പറഞ്ഞു കൊടുക്കുകയും ചെയ്തു. പഠനം കഴിഞ്ഞ് മദീന വിട്ടു പോകുന്നതിനു മുമ്പായി തന്റെ പ്രസ്തുത ശൈഖിനോട് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സാമീപ്യവും ജ്ഞാനങ്ങളിലേക്കുള്ള തെളിച്ചവും ലഭിക്കാനുതകുന്ന എന്തെങ്കിലും പ്രത്യേക ദിക്റുകള്‍ പറഞ്ഞു തരണമെന്ന് അഭ്യര്‍ഥിച്ചു. ആയതുല്‍കുര്‍സിയ്യും നാരിയതുസ്സ്വലാതും പഠിപ്പിച്ചു കൊടുത്തിട്ട് ശൈഖ് മുസ്ഥഫാ തന്റെ ശിഷ്യനായ ശൈഖ് ഹഖീ നാസിലീയോട് പറഞ്ഞു: “ഈ സ്വലാത് നീ പതിവാക്കിയാല്‍ നിനക്ക് പ്രത്യേക ജ്ഞാനനങ്ങളും രഹസ്യങ്ങളും വ്യക്തമാവും. റസൂല്‍(സ)യുടെ ആത്മീയ പരിപാലനം ലഭ്യമാകും. ഇത് പരീക്ഷിച്ചു വിജയിച്ചതാണ്.” അങ്ങനെ വിജയം കണ്ട പലരുടെയും പേരുകള്‍ പറഞ്ഞു കൊടുത്തു. ശൈഖ് ഹഖീ നാസിലീ പറയുന്നു: “ഞാന്‍ അദ്ദേഹത്തിന്റെ കൈ മുത്തി. അദ്ദേഹം എനിക്കു ബര്‍കത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ ആ രാത്രിയില്‍ തന്നെ ഈ സ്വലാത് ചൊല്ലാന്‍ തുടങ്ങി. ആദ്യമായി നൂറു പ്രാവശ്യം ചൊല്ലിത്തീര്‍ത്തു. അന്നു സ്വപ്നത്തില്‍ റസൂല്‍(സ)യെ കണ്ടു. നിനക്കും നിന്റെ മാതാപിതാക്കള്‍ക്കും നിന്റെ സഹോദരങ്ങള്‍ക്കും ശഫാഅത്തുണ്ടെന്നു റസൂല്‍(സ) അരുള്‍ ചെയ്തു. നിങ്ങള്‍ക്കും എനിക്കും ഈ സന്തോഷ വാര്‍ത്ത ആവര്‍ത്തിതമായി ലഭിക്കാന്‍ അല്ലാഹു തൌഫീഖ് നല്‍കട്ടെ. പിന്നീട് അല്ലാഹുവിന്റെ മഹത്തായ കഴിവു കൊണ്ട് എന്റെ ശൈഖ് പറഞ്ഞതൊക്കെയും എനിക്ക് അനുഭവവേദ്യമായി. ഞാനെന്റെ പല സഹോദരങ്ങള്‍ക്കും ഇതു പഠിപ്പിച്ചു കൊടുത്തു. അവര്‍ക്കെല്ലാം എനിക്കു ലഭ്യമായതെല്ലാം ലഭിച്ചു. എനിക്ക് അല്ലാഹു അവന്റെ മഹത്തായ ദൃഷ്ടാന്തങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും റസൂല്‍(സ) അവിടന്നു ഇജാസത് നല്കുകയും ചെയ്തിരിക്കുന്നു. അതു കൊണ്ട് ഈ സ്വലാത് നീ പതിവാക്കിയേക്കൂ – രാത്രിയിലും പകലിലും”


ശൈഖ് മുഹമ്മദ് തൂനുസി(റ) പറഞ്ഞു: ആരെങ്കിലും നാരിയത് സ്വലാത് ദിവസവും പതിനൊന്നു പ്രാവശ്യം ഓതിയാല്‍ അവന് റിസ്ഖ് ആകാശത്ത് നിന്നു വര്‍ഷിക്കുകയും ഭൂമിയില്‍ നിന്ന് മുളച്ചു വരികയും ചെയ്യുന്നതു പോലെയാണ്.

ഇമാം ദൈനൂരി (റ) പറയുന്നു:
“ആരെങ്കിലും നിസ്കാര ശേഷം പതിനൊന്നു പ്രാവശ്യം ഈ സ്വലാതു ചൊല്ലുകയും മുറിഞ്ഞു പോകാതെ ഒരു വിര്‍ദ് ആയി പതിവാക്കുകയും ചെയ്താല്‍ ഉന്നതമായ സ്ഥാനങ്ങളും ഐശ്വര്യമുള്ള അധികാരങ്ങളും വന്നെത്തുന്നതാണ്.
എല്ലാ ദിവസവും സുബ്ഹിനു ശേഷം ഇത് നാല്പത്തൊന്നു പ്രാവശ്യം പതിവാക്കുന്നവരുടെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നതാണ്.
എല്ലാ ദിവസവും നൂറു പ്രാവശ്യം ഇത് പതിവാക്കുന്നവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ഉദ്ദേശിച്ചിലുപരിയായി ലക്ഷ്യം കൈവരിക്കുകയും ചെയ്യും.
ആരെങ്കിലും ഈ സ്വലാതിനെ മുര്‍സലീങ്ങളുടെ എണ്ണം കണക്കെ – അഥവാ മൂന്നൂറ്റി പതിമൂന്നു പ്രാവശ്യം പതിവാക്കിയാല്‍ അവനു രഹസ്യങ്ങള്‍ വെളിപ്പെടുകയും അവനുദ്ദേശിക്കുന്നതില്‍ നിന്നെല്ലാം മുക്തി നേടുകയും ചെയ്യും.
എല്ലാ ദിവസവും ആയിരം പ്രാവശ്യം ചൊല്ലിയാല്‍ അവനു വിശേഷണങ്ങള്‍ക്കതീതമായതു ലഭിക്കും. ഒരു കണ്ണും കാണാത്ത, ഒരു ചെവിയും കേള്‍ക്കാത്ത, ഒരു മനുഷ്യമനസ്സും നിനക്കാത്ത സൌഭാഗ്യങ്ങള്‍ക്ക് ഉടമയാകും.”

ഇമാം ഖുര്‍ത്വുബീ(റ) പറയുന്നു:

“ആരെങ്കിലും ഈ സ്വലാത് ദിവസവും നാല്‍പത്തൊന്നു പ്രാവശ്യം അല്ലെങ്കില്‍ നൂറു പ്രാവശ്യം അല്ലെങ്കില്‍ അതില്‍കൂടുതല്‍ പ്രവാശ്യം പതിവാക്കിയാല്‍ അല്ലാഹു അവന്റെ ആധികളും ദുഃഖങ്ങളും ശമിപ്പിക്കുകയും ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം നല്‍കുകയും അവന്റെ കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുകയും അവന്റെ ആത്മാവിനു ശോഭ നല്‍കുകയും അവന്റെ അവസ്ഥ നന്നാക്കുകയും അവന്റെ റിസ്ഖ് വിശാലമാക്കുകയും നന്മകളുടെ കവാടങ്ങള്‍ അവനു വേണ്ടി തുറന്നിടുകയും അവന്റെ വാക്കുകള്‍ ഫലിക്കുകയും അവനെ ദുരന്തങ്ങളില്‍ നിന്നും വിശപ്പ്, ദാരിദ്ര്യം തുടങ്ങിയ വിപത്തുകളില്‍ നിന്നും സംരക്ഷിക്കുകയും ഹൃദയങ്ങളില്‍ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കുകയും ചെയ്യും. അല്ലാഹു അവന് ചോദിച്ചതെല്ലാം നല്‍കുന്നു. ഈ പ്രയോജനങ്ങള്‍ ലഭിക്കണമെങ്കില്‍ ഇതു പതിവാക്കുക തന്നെ വേണം. സിര്‍റുല്‍അസ്രാറിലും അപ്രകാരമുണ്ട്. അറിയുക (അല്ലാഹുവിലേക്ക് നിങ്ങള്‍ തവസ്സുല്‍ ചെയ്യുക) എന്ന് സൂറതുല്‍ മാഇദയില്‍ പറഞ്ഞതു പ്രകാരം ഈ സ്വലാത് അല്ലാഹുവിലേക്ക് റസൂല്‍ (സ)യെ കൊണ്ട് തവസ്സുല്‍ ചെയ്യലാണ്. ഇതിലെ ഏഴു സര്‍വ്വ നാമങ്ങള്‍ (ളമീറുകള്‍) റസൂല്‍(സ)യിലേക്കാണു മടങ്ങുന്നത്. മാത്രമല്ല റസൂല്‍(സ)യുടെ ഏറ്റവും ഉത്തമമായ (മുഹമ്മദ്) എന്ന നാമം കൂടിയാവുന്പോള്‍ എട്ടു പ്രാവശ്യമാകും. എന്നാല്‍ മറ്റു സ്വലാത്തുകള്‍ അങ്ങനയല്ല. ഈ സ്വലാത് അല്ലാഹുവിന്റെ നിധികളിലെ ഒരു നിധിയാകുന്നു. ഇതു ചൊല്ലുന്നത് അല്ലാഹുവിന്റെ ഖജനാവിലേക്കുള്ള താക്കോലാകുന്നു. അല്ലാഹുവിന്റെ അടിമകളില്‍ ഇതു പതിവാക്കുന്നവര്‍ക്ക് അവനതു തുറന്നു കൊടുക്കും. ഇതു കാരണമായി അവനെ അല്ലാഹു ഉദ്ദേശിക്കുന്നിടത്തേക്കു എത്തിക്കുകയും ചെയ്യും.”


ശൈഖ് ഹഖീ നാസിലീ സ്വലാതു ചൊല്ലുന്പോഴുണ്ടാകേണ്ട ആറു മര്യാദകള്‍ വിശദീകരിച്ച ശേഷം പറയുന്നു: ഈ അദബുകള്‍ മുഴുവന്‍ സമ്മേളിച്ച ഒരു സ്വലാത്താകുന്നു അസ്സ്വലാതുന്നാരിയ്യ.

സ്വലാത്-സലാം എന്നിവ അല്ലാഹുവിലേക്കു ചേര്‍ത്തിപ്പറയുക, ഇസ്മുല്‍അഅ്ളമായ (അല്ലാഹു) എന്നു പറയുക, റസൂലി(സ)ന്റെ ഏറ്റവും വിശിഷ്ടമായ (മുഹമ്മദ്) എന്ന നാമം ഉച്ചരിക്കുക, ആലിനെയും സ്വഹ്ബിനെയും പരാമര്‍ശിക്കുക, അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണം കണക്കെ എന്നുണ്ടാവുക. ആവര്‍ത്തിച്ചുരുവിടുക തുടങ്ങിയവയാണാ ആറു മര്യാദകള്‍.


റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ എന്റെ മേല്‍ ബത്റാഅ് ആയ (ബര്‍കത് കുറഞ്ഞ രീതിയിലുള്ള) സ്വലാത് ചൊല്ലരുത്.” സ്വഹാബത് ചോദിച്ചു: “എന്താണീ ബത്റാഅ് ആയ സ്വലാത്?” റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ اللهم صل على محمد എന്നു പറഞ്ഞു നിര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ പറയേണ്ടത് اللهم صل على محمد وعلى آل محمد എന്നാകുന്നു.” (الصواعق المحرقة على أهل الضلال والزندقة – لابن حجر الهيتمي، الحاوي للماوردي)


ഉമ്മുല്‍ മുഅ്മിനീന്‍ സ്വഫിയ്യ(റ) നാലായിരം ഈത്തപ്പഴക്കുരുകള്‍ തസ്ബീഹിനു എണ്ണം പിടിക്കാനായി ശേഖരിച്ചു. അപ്പോഴാണ് നബി(സ) അവരുടെ തലയുടെ അടുത്ത് വന്ന് നിന്നിട്ട് പറഞ്ഞത്: നിന്റെ തലയുടെ ഭാഗത്ത് ഞാന്‍ നിന്നു കൊണ്ട് ഇതിലേറെ എണ്ണം തസ്ബീഹ് ചൊല്ലി. എന്റെ നാവു ചുരുക്കപ്പെടുകയോ സമയം വിശാലമാക്കിത്തരികയോ ചെയ്തിട്ടില്ല. സ്വഫിയ്യ(റ) ചോദിച്ചു കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ എണ്ണം തസ്ബീഹ് ചൊല്ലുന്നത് പഠിപ്പിച്ചു തരൂ റസൂലേ. റസൂല്‍(സ) പറഞ്ഞു നീ പറയുക – سبحان الله عدد خلقه – അല്ലാഹുവിന്റെ സൃഷ്ടികളുടെ കണക്കനുസരിച്ച് സുബ്ഹാനല്ലാഹ് (ത്വബ്റാനി, തിര്‍മുദി).

നാരിയതുസ്സ്വലാതിന്റെ വലിയ പ്രചാരകരായിരുന്ന ശൈഖ് ഇബ്റാഹീം അന്നാസിയിലേക്ക് ചേര്‍ത്ത് സ്വലാതുന്നാസിയ എന്നായിരുന്നു ഇതു അറിയപ്പെട്ടിരുന്നതെന്നും പിന്നീട് ലോപിച്ച് നാരിയ്യ ആയതാണെന്നും ബഹുമാനപ്പെട്ട നബ്ഹാനി തങ്ങള്‍ നിരീക്ഷിക്കുന്നു.


ഈ സ്വലാത് ആദ്യമായി ചൊല്ലിയത് നബി(സ) തങ്ങളുടെ പേരക്കിടാവായ ഹുസൈന്‍(റ)വിന്റെ മകന്‍ സൈനുല്‍ ആബിദീന്‍(റ) ആണെന്നു് അഭിപ്രയാമുണ്ട്. നജ്ഫില്‍ മറമാടപ്പെട്ട തങ്ങളുടെ വലിയുപ്പ അലി(റ)വിന്റെ ഖബ്റ് സന്ദര്‍ശിക്കുന്ന വേളയിലായിരുന്നുവത്രെ അത്.


നാരിയ്യതുസ്സ്വലാതിനെ എതിര്‍ക്കുകയും അതിനെ ശിര്‍ക്കും ബിദ്അതുമായി ആരോപിക്കുകയും ചെയ്യുന്നവരുടെ വാദങ്ങള്‍ കൂടി പരിശോധിക്കാം.


(ഇങ്ങനെയൊരു സ്വലാത് നബി(സ)മയില്‍ നിന്ന് റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. നബി(സ)യില്‍ നിന്നു സ്വഹീഹായി റിപോര്‍ട്ടു ചെയ്യപ്പെട്ടത് ഇബ്റാഹീമിയ്യ സ്വലാത് മാത്രമാണ്.) ഇതാണൊരു ആക്ഷേപം.


ചില ദിക്റുകള്‍ റസൂല്‍(സ)യില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടവയില്‍ നിക്ഷിപ്തിമാണ്. അതല്ലാതെ മറ്റൊന്നു കൊണ്ടും സാദുവാകുകയില്ല. ഉദാഹരണത്തിനു നിസ്കാരത്തിലെ തക്ബീറതുല്‍ ഇഹ്റാം, ഫാതിഹ, അത്തഹിയ്യാത് (തശഹ്ഹുദ്), സലാം എന്നിവ. എന്നാല്‍ ചില സ്ഥലങ്ങളില്‍ റസൂല്‍(സ)യില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടവ ഉത്തമമാണ്. മറിച്ചുളളവ ചില നിബന്ധനകളോടെ അനുവദനീയവുമാണ്. ഉദാഹരണത്തിനു നിസ്കാരത്തില്‍ ഫാതിഹക്കു ശേഷം ഓതുന്ന സൂറതുകള്‍. ഖുര്‍ആനിലെ ഏതു ആയത്തുകളും ഓതാവുന്നതാണ്. അങ്ങനെ ഓതിയാല്‍ സൂറത് ഓതി എന്ന സുന്നത്ത് നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കുന്നതുമായിരിക്കും. ഖുര്‍ആനിലെ ആ ഭാഗം റസൂല്‍(സ) പ്രസ്തുത നിസ്കാരത്തിലോ, മറ്റേതെങ്കിലും നിസ്കാരങ്ങളിലോ ഓതുകയോ ഓതാന്‍ കല്‍പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നു ഉറപ്പു വരുത്തേണ്ടതില്ല. റസൂല്‍(സ) പ്രത്യേകമായി ഓതുകയോ ഓതാന്‍ കല്‍പ്പിക്കുകയോ ചെയ്ത സൂറതുകള്‍ ഓതുന്നത് കൂടുതല്‍ ശ്രേഷ്ടകരമാണ്. മറ്റൊരു ഉദാഹരണം ഖുനൂത്. അറബിയില്‍ ഏതു ദുആ ചെയ്താലും ഖുനൂതായി പരിഗണിക്കപ്പെടും. റസൂലുല്ലാഹ്(സ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടതായാല്‍ അത് ഏറെ സവിശേഷമായി. ഹറമുകളില്‍ റമദാനിലെ വിത്റിലുള്ള ഖുനൂത് വളരെ ദീര്‍ഘമുള്ളതും ധാരാളം പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളിച്ചതുമാണല്ലോ. പക്ഷേ, അത്തരമൊരു ഖുനൂത് നിര്‍വഹിച്ചതായി ഹദീസുകളില്‍ കാണാവാതല്ല. അതു പോലെ തറാവീഹില്‍ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്നതും റസൂല്‍(സ) ചെയ്തതായി ചരിത്രമില്ല. ഇങ്ങനെയെല്ലാമായിട്ടും ഒരു വഹാബിയും (ഞാന്‍ നിസ്കരിക്കുന്നത് നിങ്ങള്‍ കണ്ടപോലെ നിങ്ങളും നിസ്കരിക്കുവീന്‍) എന്ന ഹദീസിനു് ഇത് എതിരാണെന്നും ഇത് ബിദ്അത് ആണെന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ.


എന്നാല്‍ ജുമുഅ ഖുതുബ പോലെയുള്ളതില്‍ അതിന്റെ നിബന്ധനകള്‍ ഒത്താല്‍ മാത്രം മതി. റസൂല്‍(സ) പ്രസംഗിച്ച അതേ വാക്കുകള് അപ്പടി പ്രയോഗിക്കുന്നത് പ്രത്യേക സുന്നതായി പോലും കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടില്ല.

ഈ ഗണത്തിലാണ് നബി(സ)തങ്ങളുടെ മേലുള്ള സ്വലാത് ഉള്‍പ്പെടുന്നത്.


(അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അവരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക) എന്ന ആയത്തിന്‍റെ വിശദീകരണത്തില്‍ തഫ്സീര്‍ ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും കാണാവുന്ന ഒരു സംഭവം ഉദ്ധരിച്ചാണ് ഉല്‍പതിഷ്ണുക്കള്‍ ഇതിനെ എതിര്‍ക്കാറുള്ളത്. എന്നാല്‍ പ്രസ്തുത ഹദീസുകള്‍ പരിശോധിക്കുന്ന ഏവര്‍ക്കും മനസ്സിലാകും അത് നിസ്കാരവുമായി ബന്ധപ്പെട്ടതാണെന്നും ഇബ്റാഹീമിയ്യ സ്വലാത് നിസ്കാരത്തില്‍ ചൊല്ലേണ്ടുന്ന സ്വലാത്തിന്‍റെ പൂര്‍ണ്ണ രൂപമാണെന്നും.


അത്തഹിയ്യാത് വളരെ കൃത്യതയോടെ റസൂല്‍(സ) സ്വഹാബതിനെ പഠിപ്പിച്ചു. അതില്‍ റസൂല്‍(സ)യുടെ മേല്‍ അസ്സലാമു അലൈക അയ്യുഹന്നബിയ്യു എന്നു വ്യക്തമായി സലാമുമുണ്ട്. ആ സാഹചര്യത്തിലാണ് സ്വഹാബത് ചോദിക്കുന്നത് – അങ്ങെയുടെ മേല്‍ സലാം ചൊല്ലേണ്ടതെങ്ങനെയെന്ന് ഞങ്ങള്‍ പഠിച്ചു. ഇനി സ്വലാത് എങ്ങനെയാണ് ചൊല്ലേണ്ടത്? അപ്പോള്‍ നബി(സ) അവര്‍ക്ക് ഇബ്റാഹീമിയ്യ സ്വലാത് പഠിപ്പിച്ചു കൊടുത്തു. ഇതാണ് ആ സംഭവം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വലാത്, ഇബ്റാഹീമിയ്യയില്‍ മാത്രം നിക്ഷിപ്തമാണെന്നു വാദിക്കുകയും നാരിയ്യതുസ്സ്വലാത് ബിദ്അത് ആണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ നാം സാധാരണ പറയാറുള്ള صلى الله عليه وسلم ، صلى الله على محمد صلى الله عليه وسلم തുടങ്ങിയവയെ കുറിച്ചു എന്തു പറയുന്നു. അതു പോലെ പ്രസംഗങ്ങളുടെയും ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും തുടക്കത്തിലുണ്ടാകാറുള്ള സ്വലാതുകളെ കുറിച്ചു എന്തു പറയുന്നു. അവയെല്ലാം ബിദ്അത് ആണോ. ഇവയെല്ലാം എല്ലാ വഹാബി നേതാക്കളും അനുവര്‍ത്തിക്കുന്നണ്ടല്ലോ. ഇത് വ്യക്തമായ പക്ഷപാതിത്വം തന്നെയാണ്.


മാത്രമല്ല പ്രസ്തുത ആയത്തില്‍ സ്വലാതും സലാമും ചൊല്ലാനുള്ള കല്‍പനയുള്ളതിനാല്‍ സ്വലാത് മാത്രം ചൊല്ലുന്നത് കറാഹത്താണെന്ന് ഇമാം നവവി തങ്ങള്‍(റ) അദ്കാറില്‍ പറഞ്ഞിട്ടുണ്ട്. ഇതു സൂചിപിക്കുന്നത് സലാമില്ലാതെ സ്വലാതു മാത്രമുള്ള ഇബ്റാഹീമിയ്യ സ്വലാത് അതിവിശിഷ്ടമാകുന്നത് നിസ്കാരത്തിലാണ്. ഇതിനു പുറമെ സ്വഹാബതും ശേഷമുള്ള മഹാന്മാരായ പണ്ഡിതന്മാരും സ്വാലീഹീങ്ങളും അവര്‍ക്കുതകും വിധത്തില്‍ സ്വലാത്തിനു പ്രത്യേക പദങ്ങള്‍ ഉപയോഗിച്ചതായി ചരിത്രങ്ങളും അവരുടെ ഗ്രന്ഥങ്ങളും തെളിവാണ്. ദീനിലെ ഇത്തരം കാര്യങ്ങള്‍ അതിന്റെ അടിസ്ഥാന തത്വത്തില്‍ നിന്നു കൊണ്ട് അതു നിര്‍വഹിക്കേണ്ട മാര്‍ഗങ്ങള്‍ വിപുലമാക്കുന്നതിനോ പരിഷ്കരിക്കുന്നതിനോ ബിദ്അത് എന്നു പറയാവതല്ല. ഖുര്‍ആനിനെ മുസ്വ്‌ഹഫിലായി ക്രോഡീകരിച്ചതും അറബികളല്ലാത്തവര്‍ക്ക് ഓതല്‍ ലളിതമാകുംവിധം അക്ഷരങ്ങള്‍ക്ക് പുള്ളിയും ഹര്‍കതുകളും നല്‍കിയതും തജ്‌വീദ് നിയമങ്ങളറിയാനുള്ള അടയാളങ്ങള്‍ നല്‍കിയതും അതിനെ ജുസ്ഉകളും, റുകൂഉകളും, ഹിസ്ബുകളുമായി തരംതിരച്ചതും ഈ ഗണത്തില്‍ പെടുന്ന പരിഷ്കാരങ്ങളാണ്. ഇവയൊന്നും ബിദ്അതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതു പോലെ നാരിയ്യതു സ്വലാതും ബിദ്അത് അല്ല. അടിസ്ഥാന ആശയങ്ങള്‍ റസൂല്‍(സ) തന്നെ വ്യക്തമാക്കി തന്നിരിക്കേ, ഇത്തരം മാര്‍ഗങ്ങളിലും ആവിഷ്കാരങ്ങളിലും വരുന്ന മാറ്റങ്ങളും പരിഷ്കരണങ്ങളും اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا എന്ന ആയത്തിനു എതിരാകുകയില്ല.

(മറ്റൊരു ആക്ഷേപം – ഈ സ്വലാതില്‍ ശിര്‍ക്കിന്റെ ചില പദങ്ങള്‍ വിന്നിട്ടുണ്ട്.) റസൂല്‍(സ)കാരണമായി കുരുക്കുകള്‍ അഴിയുന്നു. പ്രയാസങ്ങള്‍ ദൂരീകൃതമാകുന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. ആഗ്രഹങ്ങള്‍ സഫലമാകുന്നു. നല്ല അന്ത്യവും കരഗതമാകുന്നു. മേഘം മഴവര്‍ഷിപ്പിക്കുന്നു തുടങ്ങിയ പദങ്ങളിലൂടെ അല്ലാഹുവിന്റെ സവിശേഷ പ്രവൃത്തികള്‍ റസൂല്‍(സ)യിലേക്ക് ചേര്‍ത്തിപ്പറഞ്ഞു എന്നതാണ് ആക്ഷേപം.

ഖുര്‍ആനും ഹദീസുകളും പരിശോധിച്ചാല്‍ ഇങ്ങനെ ഒരു ആരോപണത്തില്‍ കഴന്പില്ലെന്നും ഇത്തരം പ്രവൃത്തികള്‍ ഖുര്‍ആനിലും ഹദീസിലും റസൂലി(സ)ലേക്ക് ചേര്‍ത്തിപ്പറഞ്ഞതാണെന്നും കാണാം.

സൂറതുല്‍ അന്ബിയാഅിലെ 107-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ (ലോകര്‍ക്ക് കാരുണ്യമായിട്ടു മാത്രമാണ് അങ്ങയെ നാം നിയോഗിച്ചിരിക്കുന്നത്.) കാരുണ്യ കടാക്ഷമായ റസൂല്‍(സ) തീര്‍ച്ചയായും ലോകരുടെ പ്രയാസങ്ങള്‍ അകറ്റുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുക തന്നെ വേണം. അല്ലെങ്കില്‍ പിന്നെ കാരുണ്യമെന്നതിന്റെ വിവക്ഷയെന്താണ്.

നബി(സ)യെ വിശേഷിപ്പിച്ചു കൊണ്ട് സൂറതുല്‍ അഅ്റാഫില്‍ 157-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ – അവരുടെ (വിശ്വാസികളുടെ) ഭാരങ്ങളും അവരുടെ മേലുള്ള ചങ്ങലകളും ഇറക്കി വെക്കുന്നവരായി (നബിയെ അവര്‍ക്ക് കണ്ടെത്താം)


ഇവിടെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നവന്‍ അഥവാ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നവന്‍ റസൂല്‍(സ)ആണെന്നു പറയുന്നുവല്ലോ. ഖുര്‍ആനിലും ശിര്‍ക്കു വന്നുവെന്നു ആക്ഷേപിക്കുമോ അതോ ഇതിനര്‍ത്ഥം പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ റസൂലി(സ)ക്കു അല്ലാഹുവിനെപ്പോലെ കഴിവുണ്ടന്നല്ല മറിച്ചു അല്ലാഹുവിന്റെ കഴിവും അറിവും ഉദ്ദേശ്യവും പ്രകാരം പ്രയാസങ്ങളകറ്റാന്‍ റസൂല്‍(സ)ക്ക് അല്ലാഹു അവസരം നല്കി എന്നു മനസ്സിലാക്കുമോ. രണ്ടാമതു പറഞ്ഞ അതേ ആശയ വ്യാപ്തിയേ നാരിയതുസ്വലാതിലേ പ്രസ്തുത പദങ്ങള്‍ക്കുമുള്ളൂ. അതിനാല്‍ അവിടെ ശിര്‍കിന്റെ ലാഞ്ചന പോലുമില്ലെന്നു മാത്രമല്ല, തൌഹീദിന്റെ അരക്കെട്ടിട്ടുറപ്പിക്കല്‍ കൂടിയാണ്.


അല്‍പം ഹദീസുകളം പരിശോധിക്കാം.

നബി(സ) പറയുന്നു


أكثروا من الصلاة علي فإنها تحل العقد وتفرج الكروب


(എന്റെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കൂ. കാരണം അത് കുരുക്കുകള്‍ അഴിക്കുകയും ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കുകയും ചെയ്യും.)


القول البديع في الصلاة على الحبيب الشفيع (السخاوي)، الدر المنضود في الصلاة على صاحب المقام المحمود (ابن حجر الهيتمي)، الحاوي (السيوطي)


തുടങ്ങി അനേകം ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി കാണാം.


بستان الواعظين ورياض الصالحين എന്ന ഗ്രന്ഥത്തില്‍ ബഹുമാനപ്പെട്ട ജമാലുദ്ദീന്‍ അല്‍ജൌസി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസു കൂടി കാണുക.


من عسرت عليه حاجة من أمر دينه أو دنياه فليكثر من الصلاة عليّ فإن الله يستحيي أن يردّ عبده في حاجة إذا كان دعاءه بين صلاتين عليّ – صلاة قبل السؤال وصلاة بعد السؤال


“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാതുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുന്പുള്ള സ്വലാതും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാതും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ലജ്ജിക്കുക തന്നെ ചെയ്യും.”


നബി(സ) തങ്ങളെ തവസ്സുല്‍ ചെയ്തു ദുആ ചെയ്തപ്പോള്‍ മഴലഭിച്ചിരുന്ന സംഭവം സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.


നാരിയത് സ്വലാത് യഥാര്‍ത്ഥത്തില്‍ റസൂല്‍(സ)യെ തവസ്സുല്‍ ചെയ്യലാണ്.


ചുരുക്കത്തില്‍ എന്തു കൊണ്ടും സവിശേഷമായ ഒന്നാണ് നാരിയത് സ്വലാത്. അത് പതിവാക്കുവാനും പ്രചരിപ്പിക്കുവാനും അല്ലാഹു അനുഗ്രഹിക്കട്ടെ… ആമീന്‍.




-അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍ -

മുഹമ്മദ്‌ നബി > പ്രവാചക സ്മരണയില്‍ ....

പ്രവാചക സ്മരണയില്‍ ....


ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍, എ.ഡി അഞ്ഞൂറ്റി എഴുപതാമാണ്ടില്‍ അറേബ്യയിലെ മക്ക എന്ന മരുഭൂമിയില്‍ പ്രവാ‍ചകന്‍ ഭൂജാതനായി; അബ്ദുള്ളയുടെയും  ആമിനയുടെയും പുത്രനാ‍യി.


ജനിക്കും മുമ്പേ പിതാവിനെ നഷ്‌ടമായ നബി.

ആറു വയസ്സുള്ളപ്പോള്‍ മാതാവിന്‍റെ   ദേഹവിയോഗത്തിനു സാക്ഷിയായ നബി.

തികച്ചും അനാഥനായിരുന്ന നബി.

നിരക്ഷനായിരുന്ന നബി.

ആട്ടിടയനായിരുന്ന നബി.

കച്ചവടക്കാരനായിരുന്ന നബി.

സത്യസന്ധതയുടെ പര്യായമായിരുന്ന, അല്‍ അമീന്‍ (സത്യസന്ധന്‍) എന്നു മക്കാനിവാസികള്‍ വിളിച്ചിരുന്ന നബി.

ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പ്പതു വയസ്സുകാരിയായ ഖദീജയെന്ന കുലീനയെ വിവാഹം ചെയ്ത നബി.

നാല്പതാം വയസ്സില്‍ പ്രവാചകത്വം നല്‍കപ്പെട്ട നബി.

ഏകനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ആഹ്വാനം ചെയ്ത നബി.

വായിക്കുക, നിന്നെ സൃഷ്‌ടിച്ച നാഥന്റെ നാമത്തില്‍ എന്ന ഉദ്ബോധനം പ്രചരിപ്പിച്ച നബി.

അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുക്തരാകാന്‍ ആഹ്വാനം ചെയ്ത നബി.

സത്യപ്രബോധനമാര്‍ഗ്ഗത്തില്‍ സ്വന്തം കുടുംബത്തിന്റെയും ജനതയുടെയും രൂക്ഷമായ എതിര്‍പ്പിനും ശത്രുതക്കും പാത്രീഭൂതനായ നബി.

ജനിച്ചു വളര്‍ന്ന വീടും നാടും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന നബി.

ലോകൈക ഗുരുവായ നബി.

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍‌രൂപമായിരുന്ന നബി.

സല്‍‌സ്വഭാവത്തിന്റെ നിറകുടമായിരുന്ന നബി.

സൈന്യാധിപനായിരുന്ന നബി.

കുടുംബനാഥനായിരുന്ന നബി.

ഉത്തമനായ ഭര്‍ത്താവായിരുന്ന നബി.

ഫലിതാസ്വാദകനായിരുന്ന നബി.

അനുചരരുടെ വഴികാ‍ട്ടിയും സുഹൃത്തുമായിരുന്ന നബി.

രാഷ്‌ട്രത്തലവനായിരുന്ന നബി.

നീതിമാനായ ഭരണാധികാരിയായിരുന്ന നബി.

ന്യായാധിപനായിരുന്ന നബി.

കേവലം ഇരുപത്തിമൂന്നു സംവത്സരക്കാലത്തെ പ്രബോധനം കൊണ്ട് ലോകത്തെയാകെ മാറ്റിമറിച്ച നബി. ഭൂഗോളത്തിന്റെ ഓരോ മൂലയിലും നന്മയുടെ പൊന്‍‌കിരണങ്ങളെത്തിച്ച നബി.

സര്‍വ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട നബി.

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ദൈവത്തിന്റെ സമാധാനവും രക്ഷയും അങ്ങയുടെ മേലുണ്ടാവട്ടെ പ്രീയപ്പെട്ട പ്രവാചക ശ്രേഷ്‌ടരേ…

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പ്രഖ്യാപിച്ച നബി.

ആ ജീവിതരീതികൊണ്ട്‌ മനസ്സുകളെ കീഴടക്കിയ നബി.

നബി(സ) നടന്നു പോകുന്ന പാതയില്‍ ഒരു ജൂതപ്പെണ്ണു ദിവസവും കാത്തു നില്‍ക്കും; നബിയെ തുപ്പാന്‍. എന്നും തുപ്പും. ഒരു ദിവസം ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടില്ല. നബി(സ) ആ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെയെത്തി. നബിയെക്കണ്ട് പെണ്‍കുട്ടി പരിഭ്രാന്തയായി. പകരം ചോദിക്കാന്‍ വന്നതാവുമോ? നബി സ്നേഹത്തോടെ ചോദിച്ചു: ‘മകളേ ഇന്നു നിന്നെ വഴിയില്‍ കണ്ടില്ല, നിനക്കെന്തു പറ്റി എന്നന്വേഷിക്കാന്‍ വന്നതാണ് ഞാന്‍. വ അസുഖവും പിടിപെട്ടോ മകളേ…?’

പശ്ചാത്താപ വിവശയായ പെണ്‍കുട്ടിയും അവളുടെ മാതാവും നബിയുടെ കാല്‍ക്കല്‍ വീണു. “നശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വല്ല അന്നക്ക റസൂലല്ലാഹ്…” (ഏകനായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.അങ്ങ് ദൈവത്തിന്റെ പ്രവാചകനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു).

സൈദുനില്‍ ഖൈല്‍ എന്ന കൊള്ളക്കാരന്‍ (കുതിര സൈദെന്ന് അര്‍ത്ഥം) നബിയെക്കുറിച്ചറിഞ്ഞു. പാരമ്പര്യ വിശ്വാസപ്രമാണങ്ങളെ നിരാകരിച്ച് മറ്റേതോ വിശ്വാസം പ്രചരിപ്പിക്കുന്ന മുഹമ്മദിനെ വകവരുത്തിയിട്ടു തന്നെ കാര്യം. സൈദ് മദീനയിലേക്ക് പുറപ്പെട്ടു. ആ സമയം മദീനാ പള്ളിയില്‍ അനുചരര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയായിരുന്ന നബി(സ) സൈദിന്റെ ആഗമനം മനസ്സിലാക്കി പ്രഭാഷണം മാനസാന്തരത്തിനുതകും വിധം സ്നേഹത്തിന്റെയും നന്മയുടെയും വഴിയിലേക്കു തിരിച്ചു വിട്ടു.

പ്രഭാഷണമവസാനിപ്പിച്ച് ഊരിപ്പിടിച്ച ഖഡ്‌ഗവുമായി നില്‍ക്കുകയായിരുന്ന സൈദിനെ കാണുവാന്‍ ചെന്നു പ്രവാചകന്‍.

സൈദ് ചോദിച്ചു: ‘ഞാനാരെന്നറിയുമോ? ഞാനാണ് സൈദുനില്‍ ഖൈല്‍ ‘

നബി പ്രതിവചിച്ചു: ‘സൈദുനില്‍ ഖൈല്‍ ? കുതിര സൈദോ! ആ പേരു താങ്കള്‍ക്ക് ചേരുകയില്ലല്ലോ സഹോദരാ. താങ്കള്‍ സൈദുനില്‍ ഖൈല്‍ അല്ല സൈദുനില്‍ ഖൈര്‍ ആണ്.(നന്മയുടെ വക്താവായ സൈദ്). ഒരു നിമിഷം. സൈദിന്റെ കയ്യില്‍ നിന്നും വാള്‍ താഴെവീണു. കണ്ണീരോടെ സൈദ് നബിയെ ആശ്ലേഷിച്ചു. അശ്‌ഹദു അന്നക്ക റസൂലല്ലാഹ്

മനുഷ്യമന‍സ്സുകളെ നബി പരിവര്‍ത്തനപ്പെടുത്തിയതിന്റെ അനേകം മാതൃകകളില്‍ ചിലതു മാത്രം.
സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും പാരാവാരമായിരുന്ന നബി.

ഒരു ചെറിയ പെരുന്നാള്‍ ദിവസം. ഏവരും ആമോദത്തില്‍ മുഴുകിയ ദിനം. പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ ആഹ്ലാദിക്കുന്നു. പള്ളിയില്‍ നിന്നിറങ്ങിയ നബി കണ്ടു, കീറിപ്പറിഞ്ഞു മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുരുന്നു ബാലന്‍ പാതയോരത്ത് വിശന്നു കരയുന്നു. നബിയുടെ ഹൃദയം പൊട്ടി. കണ്ണില്‍ നീര്‍ പൊടിഞ്ഞു. ഓടിച്ചെന്നു ആ പൈതലിനെ മാറോടണച്ചു. അവന്‍ അനാഥനായിരുന്നു. അവനാരുമില്ല. നബി അവനെ വീട്ടിലേക്കു കൊണ്ടുപോയി. കുളിപ്പിച്ചു പുത്തനുടുപ്പുകളണിയിച്ചു. വയര്‍ നിറയെ ഭക്ഷണം നല്‍കി. അവനെ സംരക്ഷിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.

ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാട്ടി നബി ഇങ്ങനെ പ്രഖ്യാപിച്ചു: അനാഥരെ സംരക്ഷിക്കുന്നവനും ഞാനും നാളെ സ്വര്‍ഗ്ഗത്തില്‍ ഇതുപോലെ അടുത്തടുത്തായിരിക്കും.

ഖന്തക്ക് യുദ്ധം നടക്കുന്ന സമയം. ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനായി കിടങ്ങുകള്‍ കുഴിക്കുന്നു നബിയും അനുചരരും. ദരിദ്രരായ അനുചരര്‍ക്ക് ഭക്ഷിക്കാനൊന്നുമില്ല. വിശപ്പിന്റെ കാഠിന്യമേറിയപ്പോള്‍ ഒരു സ്വഹാബി നബിയുടെ പക്കല്‍ പരാതി പറഞ്ഞു. നബിയേ, കഴിക്കാനൊന്നുമില്ല. വിശപ്പു സഹിക്കാനാവാതെ ഇതാ ഞാന്‍ വയറ്റില്‍ കല്ലു കെട്ടി വെച്ചിരിക്കയാണ്.

നബിതങ്ങള്‍ മന്ദഹസിച്ചു. അവിടുത്തെ കുപ്പായം മെല്ലെ ഉയര്‍ത്തിക്കാട്ടി. ഏവരും സ്തംഭിച്ചു പോയി. അതാ ആ വയറ്റില്‍ ഒന്നല്ല, രണ്ടു കല്ലുകള്‍ കെട്ടി വെച്ചിരിക്കുന്നു….
അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ഒരു മാതാവ് കുട്ടിയേയും കൊണ്ട് നബിസന്നിധിയിലെത്തി. നബിയേ, എന്റെ മകന്‍ ധാരാളം മധുരം ഭക്ഷിക്കുന്നു. അങ്ങനെ ചെയ്യരുതെന്നു അങ്ങ് ഇവനെയൊന്നു ഉപദേശിക്കണം. നബി പറഞ്ഞു. പോയിട്ട് ഒരാഴ്‌ച കഴിഞ്ഞു വരൂ സഹോദരീ.

ഒരാഴ്‌ച കഴിഞ്ഞു അവര്‍ വീണ്ടും വന്നപ്പോള്‍ നബി കുട്ടിയെ ഉപദേശിച്ചു. അധികം മധുരം ഭക്ഷിക്കരുതേ.

അനുചരര്‍ ചോദിച്ചു. എന്താണ് നബിയേ കഴിഞ്ഞ തവണ അങ്ങിതു പറയാതിരുന്നത്? നബിയുടെ മറുപടി: അതോ, അന്ന് ഞാനും ധാരാളം മധുരം കഴിക്കുമായിരുന്നല്ലോ? ആ അവസ്ഥയില്‍ ഞാനെങ്ങനെ മറ്റൊരാളെ ഉപദേശിക്കും. ഞാന്‍ മധുരം ഉപയോഗിക്കുന്നത് നിര്‍ത്തി. അതിനുവേണ്ടിയാണ് ഒരാഴ്‌ച സാവകാശം ചോദിച്ചത്.

യുദ്ധത്തില്‍ തടവുപുള്ളികളായി പിടിക്കപ്പെടുന്നവര്‍ക്ക് കൊടിയ ശിക്ഷകള്‍ നല്‍കപ്പെട്ടിരുന്ന കാലം. ഒരു യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ശത്രുക്കള്‍ക്ക് നബി ശിക്ഷ വിധിച്ചു: “നിങ്ങളില്‍ അക്ഷരാഭ്യാസമുള്ളവര്‍ അതറിയാത്തവരെ അക്ഷരം പഠിപ്പിക്കണം.”

നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നില്ല നബി. മദ്യാസക്തരും വിഷയതത്പരരും പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരുമായിരുന്ന കാട്ടറബികളെ സമൂലമായ മാനസിക പരിവര്‍ത്തനത്തിലൂടെയാണ് നബി മനുഷ്യരാക്കിയത്, സംസ്കാര സമ്പന്നരാക്കിയത്.

ഡോ.മൈക്കല്‍ ഹാര്‍ട്ട് ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികള്‍ എന്ന ഗ്രന്ഥത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത് പ്രവാചകന്‍ മുഹമ്മദി(സ)നായിരുന്നു.

(The 100: A Ranking of the Most Influential Persons in History. Dr. Michael Hart

http://www.amazon.com/gp/reader/0806513500/ref=sib_dp_pt/002-4124266-5504844?tag=word08-20#reader-link )

അദ്ദേഹം ഇങ്ങനെ എഴുതി. My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.

ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളുടെ നിരയെ നയിക്കാന്‍ മുഹമ്മദിനെ തെരഞ്ഞെടുത്ത എന്റെ തീരുമാനം ചില വായനക്കാരെ അതിശയപ്പെടുത്തുകയോ മറ്റു ചിലരാല്‍ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തേക്കാം. എന്നാല്‍ മതപരവും മതേതരവുമായ മേഖലകളില്‍ പരമമായ വിജയം കൈവരിച്ച ലോകചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദ് മാത്രമാണ്.

ഈ പ്രസ്താവനയില്‍ മുസ്‌ലിംകള്‍ അഭിമാനിക്കുന്നു. വരട്ടെ, ഒന്നു നില്‍ക്കണേ. ഈ നൂറുപേരില്‍ പിന്നെയുള്ളൊരു മുസ്‌ലിം നാമധേയം ഖലീഫാ ഉമറി(റ)ന്റേതു മാത്രമാണ്. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു വ്യക്തിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട് എന്തുകൊണ്ട് അതേ വ്യക്തിയുടെ അനുയായികള്‍ ലോകത്തിനു മാതൃകയാവുന്നില്ല? സമകാലിക മുസ്‌ലിം സമൂഹത്തിന്റെ എല്ലാ അപചയങ്ങള്‍ക്കും കാരണം പ്രവാചകചര്യ മനസ്സിലാക്കാത്തതും അത് ജീവിതത്തില്‍ പകര്‍ത്താത്തതുമാണ്. ഞാന്‍ എന്നെത്തന്നെയാണ് പറയുന്നത്. ഉപദേശിക്കാനോ ആഹ്വാനം ചെയ്യാനോ ഞാന്‍ യോഗ്യനല്ല.

ദയാലുവും കാരുണ്യവാനും സമാധാനകാംക്ഷിയുമായിരുന്ന മുഹമ്മദ് നബി(സ)യുടെ പേരില്‍ ലോകത്ത് അസമാധാനം വിതക്കുന്ന മുസ്‌ലിം നാമധാരികള്‍ പ്രവാചകശാപം ഏറ്റുവാങ്ങുന്നവരാണ് എന്നൊരു പ്രസ്‌താവവും കൂടി നടത്തിക്കൊള്ളട്ടെ.

ഒരു നിരപരാധിയെ കൊല്ലുന്നവന്‍ മാനവകുലത്തെ മുഴുവന്‍ കൊല്ലുന്നവനെപ്പോലെയാണെന്നും അയല്‍‌വാസി അവനാരുമാകട്ടെ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ഭക്ഷിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്നും അരുളിച്ചയ്ത പ്രവാചകന്റെ ഉത്തമരായ അനുയായികളാകുവാന്‍ ഞാനുള്‍പ്പെടുന്ന മുസ്‌ലിം സമൂഹം ശ്രമിക്കുമെന്ന് പ്രത്യാശിക്കുക നാം. മര്‍ഹബാ യാ റസൂലല്ലാഹ്….അല്ലയോ പ്രവാചകരേ, അങ്ങേക്കഭിവാദ്യങ്ങള്‍